2014 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

 എഫ് എസ് ഇ ടി  ഒ  സായാഹ്ന ധര്‍ണ
 
  
 അനീഷ്  മാസ്റ്ററുടെ  മരണം  സമഗ്രാന്വേഷണത്തിന്ന് വിധേയമാക്കുക, മാനേജര്‍മാര്‍ക്കുള്ള  ശിക്ഷണാധികാരം എടുത്തുകളയുക  എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് ഒക്റ്റോബര്‍ 8ന്ന് ആലത്തൂര്‍  എ ഇ ഒ ഓഫീസിനുമുന്‍പില്‍ ആക്ഷന്‍  കൗണ്‍സില്‍  ധര്‍ണ  നടത്തി. എന്‍ ജി ഒ യൂണിയന്‍  നേതാവ്  അജിത് കുമാര്‍, കെ ജി ഒ എ  നേതാവ്  സുരേഷ്,  കെ എസ് ടി എ നേതാക്കളായ  ജയ ടീച്ചര്‍,  വി ജെ  ജോണ്‍സണ്‍ ,കെ. ഗംഗാധരന്‍ എന്നിവര്‍  സംസാരിച്ചു.

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച


 അഭിജിത്ത്  കെ എ.
  ഒമ്പതാം തരം
  കെ സി പി എച്ച് എസ് എസ്  കാവശ്ശേരി
 ഫെയ്സ്ബുക്ക്  പോസ്റ്റില്‍ വന്നത്..


ശാസ്ത്രചരിത്രത്തെ അപ്പാടെ മാറ്റിമറിച്ച മൂന്നോ നാലോ സംഭവങ്ങൾ എടുത്തുചോദിച്ചാൽ അതിലൊന്നു് മൂലകങ്ങളുടെ ആവർത്തനപ്പട്ടികയാണെന്നു നിസ്സംശയം പറയാം. പീരിയോഡിക്കൽ ടേബിൾ എന്നുപോലും നമ്മുടെ കുട്ടികൾ അതിന്റെ പേരു പഠിക്കരുതു്. ആവർത്തനപ്പട്ടിക എന്നുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കണം. എന്തുകൊണ്ടെന്നാൽ പിരീയഡ് എന്നാൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് എന്നാണർത്ഥമെന്നു പോലും നമ്മിലെ മുതിർന്നവർ പോലും ഓർമ്മിക്കാറില്ല.
ആവർത്തനപ്പട്ടികയുടേ പേരിലെ ആ "ആവർത്തനം" ഒരു പാട് അർത്ഥങ്ങളുള്ളതാണു്. എങ്ങോട്ടു നോക്കിയാലും ആ പട്ടികയിൽ പല തരത്തിലുള്ള ആവർത്തനങ്ങളാണു്. ഓരോരോ ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോഴും ഓരോ പുതിയ താളവും ചുവടും അതിൽ കണ്ടെത്താൻ കഴിയും. അവ ഓരോന്നും ഓരോ പുതിയ താപ-വൈദ്യുത-പ്രകാശ-കാന്തിക-പ്രസരണ-ന്യൂക്ലിയർ-റേഡിയോ ആക്റ്റീവ്-രാസസംയോജക പ്രതിഭാസങ്ങളിലേക്കു് വിരൽ ചൂണ്ടുകയും ചെയ്യും. നിറഞ്ഞ അത്ഭുതത്തോടെ, ഒരു ലോകോത്തര പെയിന്റിങ്ങ് പോലെ, ആ ചിത്രത്തെ നാം പ്രേമിച്ചുതുടങ്ങും.
ബ്രഹ്മാണ്ഡത്തിന്റെ ശിവതാണ്ഡവം നമുക്കുമുന്നിൽ നേരിട്ടുകാണാവുന്ന ഒരു ടീവി. സീരിയൽ പോലെ, എന്നും രാവിലെ എണീറ്റു കണ്ണുതുറക്കുമ്പോളും രാത്രി ഉറങ്ങാൻ കണ്ണടക്കുമ്പോളും മുന്നിൽ എഴുന്നുനിൽക്കുന്ന അവതാരമായിരിക്കണം ആവർത്തനപ്പട്ടിക. വെറും ഒരു ചൊല്ലുമാലയായി ആ പട്ടികയിലെ മൂലകങ്ങളുടെ പേരു് പഠിച്ചുവെച്ചാൽ ആ രാസനൃത്തത്തിന്റെ മനോഹാരിതയും ഗൗരവവും മുഴുവൻ ചോർന്നുപോകും.
ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ ഇന്റർനെറ്റും ആൻഡ്രോയ്ഡും മറ്റും ഉണ്ടായിരുന്നില്ല. ഒരു ചുമർച്ചാർട്ടുപോലും അന്നു് എളുപ്പം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടു് സ്വന്തം ആവശ്യത്തിനു് ഞാൻ തന്നെ വെറുമൊരു എലൿഷൻ വാൾപോസ്റ്ററിന്റെ പിന്നിൽ സ്കെയിലും പേനയും ചായപ്പെൻസിലും വെച്ച് ഒരു ആവർത്തനപ്പട്ടിക വരച്ചുണ്ടാക്കി. പിന്നീട് എഞ്ചിനീയറിങ്ങ് ബിരുദം പാസ്സായി നാടുവിടുന്നതുവരെ ഞാനും അതിനുശേഷം പഠിച്ചുപോന്ന പെങ്ങന്മാരും അത്രത്തോളം നിത്യവും നോക്കിക്കണ്ടു പഠിച്ചിരുന്നമറ്റൊരു കടലാസുകഷണവും ഈ ലോകത്തുണ്ടാവില്ല.
പത്തു കെമിസ്ട്രി ടീച്ചർമാർക്കോ ഇരുപതു കെമിസ്ട്രി പാഠപുസ്തകങ്ങൾക്കോ സമമായിരുന്നു എനിക്കു് ആ ഒരൊറ്റ ചുമർപോസ്റ്റർ. പിന്നീട് എത്രയോ കാലം കഴിഞ്ഞ് PerkinElmer, Inc. തുടങ്ങിയ പ്രശസ്തസ്ഥാപനങ്ങളുടെ പ്രതിനിധിയായി അത്യാധുനികമായ വിശ്ലേഷണരസതന്ത്രോപകരണങ്ങളിൽ (AA, HPLC, GC/MS, ICP/MS...) ഗൗരവമായി ജോലിചെയ്യുമ്പോഴും ആ ഒരു പോസ്റ്ററിന്റെ ഓർമ്മക്കാഴ്ച്ചയായിരുന്നു എന്റെ മുഖ്യഗുരുനാഥൻ.

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച


 കലാധരന്‍  മാസ്റ്ററുടെ ഫേയ്സ് ബുക്കില്‍ നിന്ന്....
വെളളവും പളളിയും വെളളാപ്പള്ളിയും.
....................................................
പളളിയില്‍ വീഞ്ഞാകാമോ? എന്ന ചോദ്യം ചേദിച്ചത് വെളളാപ്പള്ളി. ശ്രീനാരായണീയര്‍ക്ക് മദ്യമാകാമോ എന്ന മറു ചേദ്യം ഉയര്‍ത്തണം. പക്ഷേ വികാരിമാര്‍ പളളിവീഞ്ഞിനെ ന്യായീകരിക്കാമോ? ബൈബിള്‍ വീഞ്ഞിനെ കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. അത് ലഹരി ഉണ്ടാക്കും.ഉദാഹരണങ്ങള്‍ നോക്കൂ.

1)ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെപുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാല്‍ (ഉല്പത്തി 9: 21-26). 
2)ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തം (ഉല്പത്തി 19:30-38). 
3)അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോള്‍ (2ശമുവേല്‍ 13:28-29). 
4)അഹശ്വേരോശ് രാജാവിന്റെ പത്നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങ ള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ (എസ്തേര്‍ 1:9-22). 
5)സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ പറയുന്നതെന്താണ്? ‘ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങ ുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.’സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. 
6)സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ (ഹ ബ : 2-15) 
7).“കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലുംധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി” (1.പത്രോസ്.4:3).
8)“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ” (എഫേസ്യ.5:18).
9) “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു; കുടിയനും അതിഭക്ഷകനും ദരിദ്രരായ്ത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും” (സദൃശ്യ.23:20,21).

ആല്‍ക്കഹോളിന്റെ വംശത്തിലാണ് വീഞ്ഞിനും സ്ഥാനം. 
പണ്ട് മൃഗബലിയും രക്തപാനവുമെല്ലാം മതാചാരത്തിന്റെ ഭാഗമായിരുന്നു. നരബലിയും എല്ലാ പുരാണങ്ങളിലും ഉണ്ട്. ആടിനു പകരം മകനെത്തന്നെ ബലി നല്‍കാന്‍ തയ്യാറായ ഭക്തര്‍. പക്ഷേ ആധുനിക സമൂഹം നരബലികളെ നിഷേധിച്ചു. ദൈവം കോപിച്ചില്ല. അതേ പോലെ മദ്യത്തെ ആരാധനാലയങ്ങളില്‍ നിന്നും ഇറക്കിവിടണം.വീഞ്ഞ് യേശുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണ്! രക്തമല്ല. പ്രതീകം മാത്രമാണ്. മറ്റൊരു പാനീയത്തെ പ്രതീകമാക്കാനുളള സന്മനസുണ്ടാകണം.

വീര്യം കുറഞ്ഞതില്‍ തുടങ്ങി വീര്യം കൂടിയതിലേക്ക് പോകുന്ന ഒരു പാതയുണ്ട്.അതു പഠിപ്പിക്കരുത്.
പ്രതിരോധസേനയില്‍ ജോലിചെയ്യുന്നവര്‍ക്ക് മദ്യം നല്‍കുന്ന ഭരണകൂടം, 
ആരാധനാലയങ്ങളില്‍ ആരാധനയുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്ന പൗരോഹിത്യം.
മദ്യം വിഷമാണെന്നു പറഞ്ഞ ഗുരുവിനെ തിരുത്തുന്ന ശ്രീനാരായണീയര്‍..

മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ന്യായീകരണങ്ങളും പ്രവൃത്തികളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പണ്ട് ഹിന്ദുദൈവങ്ങള്‍ സോമരസം കുടിച്ചിരുന്നു എന്നു പറഞ്ഞ് മദ്യത്തെ ഉദാത്തീകരിക്കരുത്. 
മദ്യം പാവങ്ങളെ വിമോചന ചിന്തയില്‍ നിന്നും അകറ്റും. ഭരണകൂടം മദ്യത്തെ ജനകീയസമരങ്ങളില്‍ നിന്നും ജനതയെ തടയുന്നതിനുളള ഉപാധിയാക്കും. മദ്യത്തിന് ഒരു രാഷ്ടീയമുണ്ട്. അതു തിരിച്ചറിയുന്നവര്‍ മദ്യപാനത്തെ എതിര്‍ക്കണം.

2014 ജൂൺ 27, വെള്ളിയാഴ്‌ച



ജനങ്ങളുടെ ഹര്‍ത്താല്‍ വിജയിച്ചു; അച്ചന്‍കോവിലില്‍ അധ്യാപകരായി

25 Jun 2014

അച്ചന്‍കോവില്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അച്ചന്‍കോവിലില്‍ രക്ഷിതാക്കള്‍ നടത്തിയ ഹര്‍ത്താല്‍ വിജയംകണ്ടു. ആകെയുള്ള എട്ട് ഒഴിവുകളിലേക്കും നിയമനം നടത്തി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 

ഒമ്പതുവര്‍ഷമായി ഒരു ഹര്‍ത്താലും നടത്താത്ത അച്ചന്‍കോവിലുകാര്‍ നാട്ടിലെ ഏക സ്‌കൂളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. 'തന്നേ തീരൂ...അധ്യാപകരെ തന്നേ തീരൂ' എന്ന മുദ്രാവാക്യവുമായി കുട്ടികളും വീട്ടമ്മമാരും രാവിലെ തന്നെ രംഗത്തിറങ്ങിയതോടെ ബന്ദിന്റെ പ്രതീതിയായി. വഴികളില്‍ തടസം സൃഷ്ടിച്ചതിനാല്‍ ഉച്ചവരെ ബൈക്ക് യാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിഞ്ഞില്ല. ബസുകളൊന്നും എത്തിയില്ല. സ്‌കൂള്‍, പോസ്റ്റ് ഓഫീസ്,വാണിജ്യനികുതി ഓഫീസ്, ജലവൈദ്യുതപദ്ധതി ഓഫീസ്, വനം റേഞ്ച് ഓഫീസുകള്‍ എന്നിവ അടപ്പിച്ചു.മുഖ്യ സര്‍ക്കാര്‍ സ്ഥാപനമായ ഡി.എഫ്.ഒ. ഓഫീസിന്റെ പ്രധാന കവാടത്തിനുമുന്നില്‍ സമരക്കാരെ തടയാനുള്ള ശ്രമം വിഫലമായി. ഉള്ളില്‍ കയറിയ നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങി. കേസെടുപ്പിക്കാതെ പിരിഞ്ഞുപോകാന്‍ തെന്മല എസ്.ഐ.വി.പി.സുധീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരെത്തുമെന്ന ഉറപ്പാണ് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പുനലൂര്‍ എം.എല്‍.എ കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ എന്നിവര്‍ പ്രശ്‌നം ഉടനെ പരിഹരിക്കുമെന്ന് സമിതിയുടെ നേതാക്കളെ ഫോണില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചെങ്കിലും ഹര്‍ത്താല്‍ ശക്തമായി തുടര്‍ന്നു.

ഈസമയം കൊല്ലത്ത് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ. സി.എ.സന്തോഷിനെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നിയമന ഉത്തരവ് തയ്യാറായിട്ടുണ്ടെന്ന് ഡി.ഡി.ഇ. അറിയിച്ചു. മൊത്തം 47 അധ്യാപകരെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് താത്കാലികമായി പുനഃക്രമീകരിച്ചതില്‍ അച്ചന്‍കോവിലിലെ എട്ട് ഒഴിവുകളും നികത്തി. തസ്തിക കുറഞ്ഞതിനാല്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായവരെയാണ് അച്ചന്‍കോവിലുള്‍പ്പെടെ കുട്ടികളുണ്ടായിട്ടും അധ്യാപകരില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ഈ നിയമനം നീണ്ടതും താത്കാലിക അധ്യാപകരെ എടുക്കുന്നത് തടഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഉടന്‍ നിയമനം നടത്തണമെന്ന് കളക്ടര്‍ തലേദിവസംതന്നെ നിര്‍ദേശം തന്നിരുന്നതായി ഡി.ഡി.ഇ. പറഞ്ഞു. ഉത്തരവിന് ഉടന്‍ പ്രാബല്യവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ സ്‌കൂളിന്റെ സ്ഥലം വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നതിനാല്‍ ഹര്‍ത്താല്‍ വൈകുന്നേരം വരെ തുടര്‍ന്നു. അച്ചന്‍കോവില്‍ ചുരം വഴി വാഹനങ്ങളൊന്നും കടത്തിവിട്ടില്ല.അതിനാല്‍ കുംഭാവുരുട്ടി ഇക്കോ ടൂറിസം സെന്ററില്‍ തിരക്കുണ്ടായില്ല. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ആറ് കിലോമീറ്റര്‍ നടന്നുചെന്ന് സെന്ററിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു.  ഡി.എഫ്.ഒ. ഓഫീസിന് മുന്നിലെ ഉപരോധസമരത്തില്‍ പി.ടി.എ. പ്രസിഡന്റ് പ്രഭകുമാര്‍ അധ്യക്ഷനായി. സാനു ധര്‍മരാജ്, ബിജുലാല്‍ പാലസ്, പ്രസാദ് പി.നായര്‍, കെ.ആര്‍.ഗോപി എന്നിവര്‍ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. വില്ലേജ് സെക്രട്ടറി പ്രശാന്ത് പി.നായര്‍,അനില്‍കുമാര്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന്റെ മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.