ജനങ്ങളുടെ ഹര്‍ത്താല്‍ വിജയിച്ചു; അച്ചന്‍കോവിലില്‍ അധ്യാപകരായി
25 Jun 2014
അച്ചന്‍കോവില്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അച്ചന്‍കോവിലില്‍ രക്ഷിതാക്കള്‍ നടത്തിയ ഹര്‍ത്താല്‍ വിജയംകണ്ടു. ആകെയുള്ള എട്ട് ഒഴിവുകളിലേക്കും നിയമനം നടത്തി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.
ഒമ്പതുവര്‍ഷമായി ഒരു ഹര്‍ത്താലും നടത്താത്ത അച്ചന്‍കോവിലുകാര്‍ നാട്ടിലെ ഏക സ്‌കൂളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. 'തന്നേ തീരൂ...അധ്യാപകരെ തന്നേ തീരൂ' എന്ന മുദ്രാവാക്യവുമായി കുട്ടികളും വീട്ടമ്മമാരും രാവിലെ തന്നെ രംഗത്തിറങ്ങിയതോടെ ബന്ദിന്റെ പ്രതീതിയായി. വഴികളില്‍ തടസം സൃഷ്ടിച്ചതിനാല്‍ ഉച്ചവരെ ബൈക്ക് യാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിഞ്ഞില്ല. ബസുകളൊന്നും എത്തിയില്ല. സ്‌കൂള്‍, പോസ്റ്റ് ഓഫീസ്,വാണിജ്യനികുതി ഓഫീസ്, ജലവൈദ്യുതപദ്ധതി ഓഫീസ്, വനം റേഞ്ച് ഓഫീസുകള്‍ എന്നിവ അടപ്പിച്ചു.മുഖ്യ സര്‍ക്കാര്‍ സ്ഥാപനമായ ഡി.എഫ്.ഒ. ഓഫീസിന്റെ പ്രധാന കവാടത്തിനുമുന്നില്‍ സമരക്കാരെ തടയാനുള്ള ശ്രമം വിഫലമായി. ഉള്ളില്‍ കയറിയ നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങി. കേസെടുപ്പിക്കാതെ പിരിഞ്ഞുപോകാന്‍ തെന്മല എസ്.ഐ.വി.പി.സുധീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരെത്തുമെന്ന ഉറപ്പാണ് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പുനലൂര്‍ എം.എല്‍.എ കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ എന്നിവര്‍ പ്രശ്‌നം ഉടനെ പരിഹരിക്കുമെന്ന് സമിതിയുടെ നേതാക്കളെ ഫോണില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചെങ്കിലും ഹര്‍ത്താല്‍ ശക്തമായി തുടര്‍ന്നു.
ഈസമയം കൊല്ലത്ത് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ. സി.എ.സന്തോഷിനെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നിയമന ഉത്തരവ് തയ്യാറായിട്ടുണ്ടെന്ന് ഡി.ഡി.ഇ. അറിയിച്ചു. മൊത്തം 47 അധ്യാപകരെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് താത്കാലികമായി പുനഃക്രമീകരിച്ചതില്‍ അച്ചന്‍കോവിലിലെ എട്ട് ഒഴിവുകളും നികത്തി. തസ്തിക കുറഞ്ഞതിനാല്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായവരെയാണ് അച്ചന്‍കോവിലുള്‍പ്പെടെ കുട്ടികളുണ്ടായിട്ടും അധ്യാപകരില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ഈ നിയമനം നീണ്ടതും താത്കാലിക അധ്യാപകരെ എടുക്കുന്നത് തടഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഉടന്‍ നിയമനം നടത്തണമെന്ന് കളക്ടര്‍ തലേദിവസംതന്നെ നിര്‍ദേശം തന്നിരുന്നതായി ഡി.ഡി.ഇ. പറഞ്ഞു. ഉത്തരവിന് ഉടന്‍ പ്രാബല്യവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ സ്‌കൂളിന്റെ സ്ഥലം വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നതിനാല്‍ ഹര്‍ത്താല്‍ വൈകുന്നേരം വരെ തുടര്‍ന്നു. അച്ചന്‍കോവില്‍ ചുരം വഴി വാഹനങ്ങളൊന്നും കടത്തിവിട്ടില്ല.അതിനാല്‍ കുംഭാവുരുട്ടി ഇക്കോ ടൂറിസം സെന്ററില്‍ തിരക്കുണ്ടായില്ല. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ആറ് കിലോമീറ്റര്‍ നടന്നുചെന്ന് സെന്ററിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു. ഡി.എഫ്.ഒ. ഓഫീസിന് മുന്നിലെ ഉപരോധസമരത്തില്‍ പി.ടി.എ. പ്രസിഡന്റ് പ്രഭകുമാര്‍ അധ്യക്ഷനായി. സാനു ധര്‍മരാജ്, ബിജുലാല്‍ പാലസ്, പ്രസാദ് പി.നായര്‍, കെ.ആര്‍.ഗോപി എന്നിവര്‍ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. വില്ലേജ് സെക്രട്ടറി പ്രശാന്ത് പി.നായര്‍,അനില്‍കുമാര്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന്റെ മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ