2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച


 അഭിജിത്ത്  കെ എ.
  ഒമ്പതാം തരം
  കെ സി പി എച്ച് എസ് എസ്  കാവശ്ശേരി
 ഫെയ്സ്ബുക്ക്  പോസ്റ്റില്‍ വന്നത്..


ശാസ്ത്രചരിത്രത്തെ അപ്പാടെ മാറ്റിമറിച്ച മൂന്നോ നാലോ സംഭവങ്ങൾ എടുത്തുചോദിച്ചാൽ അതിലൊന്നു് മൂലകങ്ങളുടെ ആവർത്തനപ്പട്ടികയാണെന്നു നിസ്സംശയം പറയാം. പീരിയോഡിക്കൽ ടേബിൾ എന്നുപോലും നമ്മുടെ കുട്ടികൾ അതിന്റെ പേരു പഠിക്കരുതു്. ആവർത്തനപ്പട്ടിക എന്നുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കണം. എന്തുകൊണ്ടെന്നാൽ പിരീയഡ് എന്നാൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് എന്നാണർത്ഥമെന്നു പോലും നമ്മിലെ മുതിർന്നവർ പോലും ഓർമ്മിക്കാറില്ല.
ആവർത്തനപ്പട്ടികയുടേ പേരിലെ ആ "ആവർത്തനം" ഒരു പാട് അർത്ഥങ്ങളുള്ളതാണു്. എങ്ങോട്ടു നോക്കിയാലും ആ പട്ടികയിൽ പല തരത്തിലുള്ള ആവർത്തനങ്ങളാണു്. ഓരോരോ ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോഴും ഓരോ പുതിയ താളവും ചുവടും അതിൽ കണ്ടെത്താൻ കഴിയും. അവ ഓരോന്നും ഓരോ പുതിയ താപ-വൈദ്യുത-പ്രകാശ-കാന്തിക-പ്രസരണ-ന്യൂക്ലിയർ-റേഡിയോ ആക്റ്റീവ്-രാസസംയോജക പ്രതിഭാസങ്ങളിലേക്കു് വിരൽ ചൂണ്ടുകയും ചെയ്യും. നിറഞ്ഞ അത്ഭുതത്തോടെ, ഒരു ലോകോത്തര പെയിന്റിങ്ങ് പോലെ, ആ ചിത്രത്തെ നാം പ്രേമിച്ചുതുടങ്ങും.
ബ്രഹ്മാണ്ഡത്തിന്റെ ശിവതാണ്ഡവം നമുക്കുമുന്നിൽ നേരിട്ടുകാണാവുന്ന ഒരു ടീവി. സീരിയൽ പോലെ, എന്നും രാവിലെ എണീറ്റു കണ്ണുതുറക്കുമ്പോളും രാത്രി ഉറങ്ങാൻ കണ്ണടക്കുമ്പോളും മുന്നിൽ എഴുന്നുനിൽക്കുന്ന അവതാരമായിരിക്കണം ആവർത്തനപ്പട്ടിക. വെറും ഒരു ചൊല്ലുമാലയായി ആ പട്ടികയിലെ മൂലകങ്ങളുടെ പേരു് പഠിച്ചുവെച്ചാൽ ആ രാസനൃത്തത്തിന്റെ മനോഹാരിതയും ഗൗരവവും മുഴുവൻ ചോർന്നുപോകും.
ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ ഇന്റർനെറ്റും ആൻഡ്രോയ്ഡും മറ്റും ഉണ്ടായിരുന്നില്ല. ഒരു ചുമർച്ചാർട്ടുപോലും അന്നു് എളുപ്പം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടു് സ്വന്തം ആവശ്യത്തിനു് ഞാൻ തന്നെ വെറുമൊരു എലൿഷൻ വാൾപോസ്റ്ററിന്റെ പിന്നിൽ സ്കെയിലും പേനയും ചായപ്പെൻസിലും വെച്ച് ഒരു ആവർത്തനപ്പട്ടിക വരച്ചുണ്ടാക്കി. പിന്നീട് എഞ്ചിനീയറിങ്ങ് ബിരുദം പാസ്സായി നാടുവിടുന്നതുവരെ ഞാനും അതിനുശേഷം പഠിച്ചുപോന്ന പെങ്ങന്മാരും അത്രത്തോളം നിത്യവും നോക്കിക്കണ്ടു പഠിച്ചിരുന്നമറ്റൊരു കടലാസുകഷണവും ഈ ലോകത്തുണ്ടാവില്ല.
പത്തു കെമിസ്ട്രി ടീച്ചർമാർക്കോ ഇരുപതു കെമിസ്ട്രി പാഠപുസ്തകങ്ങൾക്കോ സമമായിരുന്നു എനിക്കു് ആ ഒരൊറ്റ ചുമർപോസ്റ്റർ. പിന്നീട് എത്രയോ കാലം കഴിഞ്ഞ് PerkinElmer, Inc. തുടങ്ങിയ പ്രശസ്തസ്ഥാപനങ്ങളുടെ പ്രതിനിധിയായി അത്യാധുനികമായ വിശ്ലേഷണരസതന്ത്രോപകരണങ്ങളിൽ (AA, HPLC, GC/MS, ICP/MS...) ഗൗരവമായി ജോലിചെയ്യുമ്പോഴും ആ ഒരു പോസ്റ്ററിന്റെ ഓർമ്മക്കാഴ്ച്ചയായിരുന്നു എന്റെ മുഖ്യഗുരുനാഥൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ